So, which one do you think, is the best News Channel in India?

13 Apr 2020

മോഹൻലാലിന്റെ രണ്ട് സിദ്ധാർഥന്മാർ! - Rahul Sankalpa (Rahul Sharma)



 
1.     “മാഞ്ഞുപോകുന്നു ശിരോലിഖിതങ്ങളും,
          മായുന്നു മാറാല കെട്ടിയ ചിന്തയും....”
2.  “മകൻ, മകൾ, ഭാര്യ, സുഹൃത്ത്... എന്നൊന്നില്ല....
      എല്ലാവരും ഒറ്റപ്പെട്ട ദ്വീപുകൾ, Detachment in its purest form...”

ആദ്യത്തേത് ‘അഹം’ എന്ന സിനിമയിലെ സിദ്ധാർഥനും, രണ്ടാമത്തേത് 'പകൽ നക്ഷത്രങ്ങളിലെ' സിദ്ധാർഥനും.

മന:പ്പൂർവ്വമല്ലെങ്കിൽ കൂടി കഴിഞ്ഞ ദിവസം അനൂപ് മേനോന്റെ ആദ്യ തിരക്കഥയിൽ പിറന്ന പകൽ നക്ഷത്രങ്ങൾ ഇരുന്നു കണ്ടപ്പോൾ യാദൃശ്ചികമെന്നോണം അതിലും ഒന്നര പതിറ്റാണ്ട് മുമ്പ് പിറന്ന ‘അഹം’ എന്ന സിനിമയാണ്‌ ഓർമ്മ വന്നത്! അപ്പോഴാണ്‌ രണ്ടും സംവിധാനം ചെയ്തത് രാജീവ് നാഥ് തന്നെയാണ്‌ എന്ന കാര്യം ശ്രദ്ധിക്കുന്നതും! വളരെയധികം സാമ്യതയുള്ള ഈ രണ്ട് കഥാപാത്രങ്ങൾക്കും ഒരേ പേര്‌ വന്നത് പൂർണ്ണമായും യാദ്ര്ശ്ചികം ആവാൻ വഴിയില്ല എന്ന് തൊന്നുന്നു. ഇരു സിനിമകളിലും ലൗകിക ജീവിതത്തിൽ സ്വയംകൃതാനർഥങ്ങളുടെ പടുകുഴികളിൽ വീണുപോയി നിസ്സഹായരായിത്തീരുന്ന രണ്ട് കഥാപാത്രങ്ങൾ, അവസാനം പരമസത്യമായ മരണത്തിലേക്ക് സ്വയം നടന്നു നീങ്ങുന്നതായി നമുക്ക് കാണാം.

ലളിതമാകേണ്ടിയിരുന്ന ലൗകികജീവിതത്തെ സ്വാർത്ഥതയും, വാശിയും, സങ്കുചിത ചിന്തകളും നിറഞ്ഞ വികാരങ്ങൾകൊണ്ട് സങ്കീണ്ണമാക്കി മാറ്റുകയും, ഒടുവിൽ ലളിതമായി മരണത്തെ വരിക്കുകയും ചെയ്യുന്ന സിദ്ധാർഥൻ ആണ്‌ ‘അഹം’ എന്ന സിനിമയിൽ ഉള്ളത്. എന്നാൽ, സങ്കീർണ്ണമായ ജീവിതത്തെ ലളിതവത്കരിച്ചുകൊണ്ട്, വിപുലമായ ചിന്താഗതികൾ കൊണ്ട് എല്ലാം നിസ്സാരവത്കരിക്കുകയും ഒടുവിൽ ലളിതമാകേണ്ടിയിരുന്ന മരണത്തെ സങ്കീണ്ണമാക്കുകയും ചെയ്യുന്ന ദിശയിലേക്ക് പോകുന്നവൻ ആണ്‌ ‘പകൽ നക്ഷത്രങ്ങളി’ലെ സിദ്ധാർഥൻ എന്നാണ്‌ തോന്നിയിട്ടുള്ളത്! ലൗകിക ജീവിതത്തിൽ അഹത്തിലെ സിദ്ധാർഥന്റെ നേർ വിപരീതം ആണ്‌ പകൽ നക്ഷത്രങ്ങളിലെ സിദ്ധാർഥൻ! എങ്കിലും അവസാനം ഇരുവരും എത്തിചേരുന്നത് ഒരേയിടത്താണ്‌ താനും. ഇരുവരും തമ്മിലുള്ള മനോദൂരം അതിവിദൂരമല്ല എന്ന്‌ തോന്നിയിട്ടുണ്ട്. അതായത്, അഹത്തിലെ സിദ്ധാർഥന്റെ ഒരു Extrapolation ആണ്‌ പകൽ നക്ഷത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

'അഹ' ത്തിലെ സിദ്ധാർഥൻ ഒരു self-centered വ്യക്തിയാണ്‌. തന്റെ ലൈംഗിക ജീവിതത്തെ പോലും അയാൾ സ്വയം പാരതന്ത്ര്യമാകുന്ന ഒരു കൂട്ടിൽ അടച്ചിടുന്നു. സ്വയം തിരിച്ചറിഞ്ഞശേഷമുള്ള തന്റെ ജീവിതത്തിൽ താൻ വീണ്ടും വീണ്ടും വൈകാരികമായി പരീക്ഷിക്കപ്പെടുകയാണെന്ന് തിരിച്ചറിയുമ്പോൾ അഹത്തിലെ സിദ്ധാർഥൻ ജീവനൊടുക്കുന്നു. എന്നാൽ, അല്പം കൂടെ മൃദുപരിവേഷമുള്ള പകൽ നക്ഷത്രങ്ങളിലെ സിദ്ധാർഥൻ ആകട്ടെ, ആത്മഹത്യ ചെയ്യാൻ പോലും സഹായം തേടുന്നവനാണ്‌. ലൈംഗികതയിൽ യാൾ ഒരു സ്വതന്ത്ര ചിന്തകൻ ആയിരുന്നെങ്കിൽ കൂടി വൈകാരികമായി എല്ലാത്തിനും ഒരു ‘External push’ വേണ്ടിയിരുന്ന ഒരു കഥാപാത്രമാണ്‌ പകൽ നക്ഷത്രങ്ങളിലെ സിദ്ധാർഥൻ! ആ External push അയാൾ മറ്റു കഥാപാത്രങ്ങൾക്കും നല്കുന്നുണ്ട്. അഹത്തിൽ കാമുകിയെ കൊല്ലുകയാണെങ്കിൽ പകൽ നക്ഷത്രങ്ങളിൽ സുഹൃത്തിനെ ആത്മഹത്യ ചെയ്യാൻ സഹായിക്കുകയാണ്‌ സിദ്ധാർഥൻ! ഇത്തരം കഥാപാത്രങ്ങൾ വിരളമാണ്‌! അത് മോഹൻലാലിലെ നടനെ സംബന്ധിച്ച് ഒരു വൻ നേട്ടവുമാണ്‌!

“അനായാസേന മരണം, വിനാദൈന്യേന ജീവിതം”- എന്ന് പറയുന്ന മംഗലശ്ശേരി നീലകണ്ഠന്റെ ഭാവവും ഇത് തന്നെയാണ്‌! അതിസങ്കീർണ്ണമായ ഭാരിച്ച തത്ത്വചിന്തകൾ (philosophies) പ്രേക്ഷകരിലേക്ക് അമിതമായ ബുദ്ധിജീവി സങ്കല്പത്തിന്റെ അകമ്പടിയോടെയല്ലാതെ എത്തിക്കുന്നതിൽ മോഹൻലാൽ എന്ന നടന്റെ ഡയലോഗ് ഡെലിവെറിക്കുള്ള പങ്ക് ചെറുതല്ല! ഈ സിനിമകളും, ഇതിന്റെയെല്ലാം ലിറിക്കൽ സ്വഭാവമുള്ള സംഭാഷണങ്ങളും പ്രേക്ഷകർ സ്വീകരിച്ചത് ‘അത് ലാലേട്ടൻ പറഞ്ഞു’ എന്നത് കൊണ്ട് മാത്രമാണ്‌ എന്നതാണ്‌ സത്യം. ഫിലോസഫി പറയുന്ന മോഹൻലാലിനെ കണ്ടുകൊണ്ടിരിക്കുന്നത് ഒരു പ്രത്യേക രസം തന്നെയാണ്‌. ഒരുതരം സറിയൽ ഫീൽ ആണത്. പലപ്പോഴും സമാനമായ രീതി തന്നെയാണ്‌ ചന്ദ്രോൽസവത്തിലെ ‘ചിറയ്ക്കൽ ശ്രീഹരി’യ്ക്കും ഉള്ളത് എന്ന് തോന്നിയിട്ടുണ്ട്. അതൊരുപക്ഷേ മോഹൻലാൽ എന്ന നടൻ തന്നെ സ്വയം രൂപീകരിച്ചെടുത്ത കൗതുകകരമായ ഒരു ശൈലി ആയിരിക്കാം.അതൊരുപക്ഷേ വാണിജ്യപരമായി ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് രഞ്ജിത്ത് ആവാനാണ്‌ സാധ്യത.

ഇന്ത്യയിൽ തന്നെ ഇത്രയധികം ഫിലോസഫിക്കൽ കഥാപാത്രങ്ങൾ Explicit ആയി അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച മറ്റൊരു നടൻ ഉണ്ടോ എന്നത് സംശയമാണ്‌. അതുപോലെ തന്നെ ഇതെല്ലാം സ്വീകരിക്കുന്നതിലും മലയാളി പ്രേക്ഷകർ തന്നെയാണ്‌ മുൻപന്തിയിൽ എന്നും തോന്നിയിട്ടുണ്ട്. ഗുരു ആണ്‌ മറ്റൊരു ഉദാഹരണം. അതുപോലെ തന്നെ ഇത്തരം സിനിമകൾക്ക് മലയാള ഭാഷ നല്കുന്ന പിൻബലവും വളരെ വലുതാണ്‌.മലയാളി പ്രേക്ഷകർക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണത്.
Rahul Sankalpa (Rahul Sharma)



No comments:

Post a Comment