So, which one do you think, is the best News Channel in India?

4 Apr 2019

കത്തുന്ന സ്ത്രീകളും ജ്വലിക്കുന്ന സമൂഹവും - രാഹുൽ ശർമ്മ

* "അവളെ ഒക്കെ നിലക്ക് നിർത്താൻ അറിയില്ലെങ്കിൽ പിന്നെ താനൊക്കെ ആണാണെന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവുമുണ്ടോ !?"
* "നീ ആണാണെങ്കിൽ അവളെ നിനക്ക് വീഴ്ത്താം"
* "ആണാണെങ്കിൽ അടിയെടാ.. "

ഹൈസ്‌കൂൾ -കോളേജ് കാലഘട്ടം മുതൽ പിന്നെയങ്ങോട്ട് കുറെ കാലമെങ്കിലും ഒരിക്കലെങ്കിലും ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ ഇതുപോലെ ഉള്ള കൊടുമ്പിരി സംഭാഷണങ്ങൾ കേൾക്കേണ്ടി വരികയോ ചെയ്തിട്ടില്ലാത്ത ആണുങ്ങൾ ഉണ്ടാകില്ല. സ്വന്തം വീട്ടിൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വേറെ വേറെ തട്ടുകളിലായി കണ്ടുകൊണ്ട് ആണുങ്ങളിൽ ആൺമേൽക്കോയ്മ കുത്തിവെച്ച് വളർത്തപ്പെടുന്ന ഒരു ആൺ തലമുറ സ്വയം തങ്ങളുടെ പരിപൂർണ്ണ അഹംബോധ ("ego") അവസ്ഥയിൽ എത്തിച്ചേരുമ്പോൾ അറിഞ്ഞോ അറിയാതെയോ  വരുന്നതാണ് ഇത്തരം പ്രയോഗങ്ങൾ. പ്രത്യേകിച്ചും  ആൺ-ഭൂരിപക്ഷ സന്ദർഭങ്ങളിൽ.

പെണ്ണെന്നു പറഞ്ഞാൽ ആണിന്റെ ശീലങ്ങൾക്കൊത്ത് തുള്ളാനും പുരുഷാധിപത്യത്തിനു കേവലം പോഷകതന്തു  ("feeder") ആയി മാത്രം പ്രവർത്തിക്കാനുള്ള എന്തോ ഒന്നാണെന്നുമുള്ള കാഴ്ചപ്പാടിലാണ് ഇപ്പോഴും കേരളത്തിലെ പല വീടുകളും  നിലകൊള്ളുന്നത്. ഇതിനു ഞാനും നിങ്ങളുമുൾപ്പെടുന്ന സമൂഹം തന്നെയാണ് ഉത്തരവാദി. സ്ത്രീകൾ എന്നാൽ പുരുഷന്റെ അവകാശമാണ് എന്നതാണ് ഇത്തരക്കാരുടെ അടിസ്ഥാന തത്വം. സ്ത്രീകളുടെ ക്ഷേത്രപ്രവേശനവും,  സിനിമയിലെ സ്ത്രീവിരുദ്ധതയുമൊക്കെ  അതിന്റെ പലതാകുന്ന വശങ്ങളിൽ ചിലത് മാത്രം.

ഒരു പരിധി വരെ മാതാപിതാക്കൾ തന്നെയാണ് ഇവിടെ ഉത്തരവാദികൾ. പെൺകുട്ടികളെ 'അടക്കി,  ഒതുക്കി,  മടക്കി,  ചുരുട്ടി' വളർത്താൻ ശ്രദ്ധിക്കുന്ന പലരും ആൺകുട്ടികളെ കയറൂരി വിടുന്നു. എതിർലിംഗക്കാരോട് എങ്ങനെ പെരുമാറണം എന്നുള്ള പാഠങ്ങൾ വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്. അച്ഛന്മാരാൽ അടിച്ചമർത്തപ്പെട്ടുപോകുന്ന അമ്മമാരെയും , അടിച്ചമർത്താത്ത അച്ഛന്മാർ ആണെങ്കിൽ കൂടെ,  അവരുടെ കീഴിൽ മാത്രം ഒതുങ്ങുന്ന/ഒതുങ്ങാൻ ഇഷ്ടപ്പെടുന്ന വ്യക്തിത്വമില്ലാത്ത  അമ്മമാരെയും ഒക്കെ കണ്ടു വളരുന്ന ആൺകുട്ടികളിൽ ഇത്തരം male ego സ്വാഭാവികമായും ഉണ്ടായേക്കാം. ഇത്തരം 'കാടത്തം' ആണത്തം ആണെന്ന് തെറ്റിദ്ധരിക്കുന്ന ഒരു സമൂഹം അവിടെ രൂപീകരിക്കപ്പെടുന്നതായി കാണാം.

അനുസരണക്കേട് കാണിച്ചാൽ ഭാര്യമാരെ  അടിക്കുന്ന ഭർത്താക്കന്മാരും,  പെങ്ങന്മാരെ തൊഴിക്കുന്ന സഹോദരന്മാരും ഇവിടെ ആണത്തമുള്ള മാന്യന്മാരാണ്.  (അനുസരണക്കേട് പലപ്പോഴും സ്വന്തം അഭിപ്രായം തുറന്ന് പറചയുന്നത് ആവാം).
ഇതിന്റെ ഒരു നരകതുല്യമായ 'extreme' ആണ് ഇപ്പോൾ നടക്കുന്ന പ്രണയനൈരാശ്യക്കൊലപാതങ്ങൾ! സംസ്കാരശൂന്യമെന്ന് "സദാ -ചാരം വാരികൾ'' വിലയിരുത്തുന്ന പല പാശ്ചാത്യ രാജ്യങ്ങളിലും ഒരു മനുഷ്യന് അവനിഷ്ടമുള്ള ഭക്ഷണ വിഭവം തിരഞ്ഞെടുക്കുന്ന പോലെ തന്നെയാണ് ഇണയെ തിരഞ്ഞെടുക്കുന്നതും. പ്രണയം തോന്നൽ സ്വാഭാവികമാണ്.  അത് തുറന്ന് പറയുക തന്നെ വേണം താനും. മറുപക്ഷത്തുള്ള ആളിന്റെ അഭിപ്രായം മാനിക്കുകയും വേണം. അയാൾ നിരസിച്ചാൽ അയാളെ അയാളുടെ വഴിക്ക് വിടുക, അവിടെയാണ് മാന്യത. അവിടെയാണ് പരസ്പരബഹുമാനം. അതില്ലാത്ത വ്യക്തി പ്രണയബന്ധത്തിലോ വൈവാഹികജീവിതത്തിലോ എന്നല്ല ഒരു കാര്യത്തിലും വിജയിക്കുകയില്ല.  'ആർഷഭാരതസംസ്കാരത്തിൽ' നിലകൊള്ളുന്ന ഇന്ത്യയിൽ മാത്രമാണ് ഇപ്പോഴും പ്രണയവും,  പ്രണയവിവാഹവും, പുനർവിവാഹവും  ഒക്കെ കല്ലുകടിയായി കാണപ്പെടുന്നത്! ഇത്തരം ഒരു പിന്തിരിപ്പൻ സമൂഹമാണ് നമ്മുടേത് എന്നത് വളരെയധികം വിചിത്രമാണ്! ഇതിന്റെയെല്ലാം ഒരു വൈകൃതം നിറഞ്ഞ സങ്കരമാണ് ഇതുപോലുള്ള പ്രണയനൈരാശ്യക്കൊലകൾ.  ഉത്തരേന്ത്യയിലും മറ്റും കണ്ടുവരുന്ന ദുരഭിമാനക്കൊലയുടെ മറ്റൊരു ഭാവമാണിത്. അവിടെ ജാതിയും ഉപജാതിയുമാണ് ദുരഭിമാനമെങ്കിൽ ഇവിടെ 'ആണത്തം' ആണെന്ന് മാത്രം.

സ്വതവേ തന്നെ തോൽവികളെ നേരിടാൻ കഴിയാത്ത ഒരുകൂട്ടം യുവജനങ്ങളെയാണ് ഇന്നിവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. പരീക്ഷയിൽ തോൽക്കാൻ സാധിക്കാത്ത,  അനാരോഗ്യകരമായ മത്സരബുദ്ധിനിറഞ്ഞ കുട്ടികൾ ആണ് ഇന്ന് പലരും. ലഹരി പോലുള്ള പദാർത്ഥങ്ങളുടെ ഉപയോഗം വേറെ സ്കൂളിൽ തോക്കെടുത്ത് അധ്യാപകരെയും സഹപാഠികളെയും വെടിവെക്കുന്ന കുട്ടികൾ, മൊബൈലും ബൈക്കും ലാപ്ടോപ്പും മുതൽ ചിക്കൻ കറി കിട്ടിയില്ലെങ്കിൽ വരെ ആത്മഹത്യ ഭീഷണി മുഴക്കുന്ന കുട്ടികൾ- ഇവരെയൊക്കെ യാഥാർഥ്യം പറഞ്ഞുമനസിലാക്കേണ്ടത് മാതാപിതാക്കളും അധ്യാപകരും തന്നെയാണ്. ഇത്തരം വാശിവൈരാഗ്യങ്ങൾ male ego യും ലഹരിയും കൂടെ   ചേർന്ന് വരുമ്പോൾ ഇതുപോലുള്ള (ദുർ)അഭിമാനക്കൊലകൾ ഉണ്ടാവുക സ്വാഭാവികം.

ഒരു പെണ്ണിനെ കീഴ്പ്പെടുത്തുകയെന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.  അതിൽ വിജയിച്ചില്ലെങ്കിൽ അവനിൽ അതുണ്ടാക്കുന്ന അപകർഷതാബോധം ചെറുതല്ല. അത് മറികടക്കാൻ അവൻ ഇത്തരം കടുംകൈ പ്രയോഗം നടത്തി ഒരു 'larger than life image ' ഉണ്ടാക്കി സ്വയം സമാധാനിക്കാൻ ശ്രമിക്കുന്നു. 'കൊന്നിട്ടായാലും അവളെ ഞാൻ കീഴ്പെടുത്തി,  ഇനി മറ്റൊരാൾക്കും അവളെ കിട്ടുകയില്ല' -എന്ന് ജയിലിൽ കിടന്നായാലും അവനിലെ 'കപട പുരുഷബോധം' ആശ്വസിക്കുന്നു! കീഴ്പ്പെടുത്താനും വെട്ടിപ്പിടിക്കാനുമുള്ള എന്തോ ഭൗതിക  സ്വത്താണ് സ്ത്രീ എന്നാണ് അപ്പോഴും അവൻ വിചാരിച്ചിരിക്കുന്നത്. അവിടെയാണ് പ്രശ്നം.
ആ വിചാരമാണ് ഒരു വികാരമായി മാറുന്നത്. ഈ വിചാരവും വികാരവും എന്നിലുമുണ്ട് നിങ്ങളിലുമുണ്ട്. അത് എന്നെയും നിങ്ങളെയുമൊക്കെ വളർത്തിയെടുത്ത ഈ  സമൂഹത്തിന്റെ പ്രശ്നമാണ്. സ്വയം മാറുക,  സ്വന്തം ചുറ്റുപാടുകളെ മാറ്റുക.

മാന്യതയിലൂടെയും സ്നേഹത്തിലൂടെയും ബഹുമാനത്തിലൂടെയും ലഭിക്കുന്ന ആദരവാണ് സ്നേഹം,  അല്ലാതെ കൊന്നും കൊലവിളിച്ചും തട്ടിയെടുക്കേണ്ട ഒന്നല്ല എന്ന് മനസ്സിലാക്കുക, ജീവിച്ചു കാണിക്കുക, പ്രബുദ്ധ കേരളമേ,  ഉണരൂ,  സ്വയം ചിന്തിക്കൂ. ഇവിടെ പിച്ചിച്ചീന്തപ്പെടുന്ന ഓരോ സ്ത്രീയും ഇവിടെയുള്ള പുരുഷന്മാരുടെ 'മാന്യതയും ആദരവും' മൊത്തമായി ഇല്ലാതാക്കുകയാണ് എന്ന സത്യം തിരിച്ചറിയുക. സ്വയം തിരുത്തുക, പോരാടുക. ഒരാണായി പിറന്നതിന്റെ പേരിൽ എനിക്ക് അപമാനം തോന്നുന്ന സ്ഥിതിവിശേഷങ്ങൾ ആണ് ഇന്നിവിടെ സംജാതമായിരിക്കുന്നത് . ഒരു സ്ത്രീ അപമാനിക്കപ്പെടുമ്പോൾ കളങ്കപ്പെടുന്നത് അവളല്ല, മറിച്ചു ഒരു പുരുഷസമൂഹം മൊത്തമാണെന്ന് അറിയുക.

- Rahul Sharma.
(Pic courtesy: internet)

3 comments:

  1. എല്ലാവരാലും ശ്രദ്ധിക്കപ്പെടേണ്ട ഒരെഴുത്ത്.സ്ത്രീ എന്നാൽ രക്തവും മാംസവുമുള്ള മനുഷ്യനാണെന്നും അല്ലാതെ ഒരു competitive item അല്ലെന്നും പുരുഷൻ മനസ്സിലാക്കണം.

    ReplyDelete
    Replies
    1. തീർച്ചയായും. ആ തിരിച്ചറിവാണ്‌ എല്ലാവർക്കും ഉണ്ടാവേണ്ടത്‌ . വായിച്ചതിന്‌ നന്ദി.

      Delete